ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്ക് തുടരുന്നു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ചപ്പോൾ പോലും പതിനെട്ടാം പടി കയറാൻ പതിനായിരത്തിലധികം ഭക്തർ ക്യൂവിൽ കാത്തുനിന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ ശരംകുത്തിക്കും അപ്പുറത്തേക്ക് വരെ ക്യൂ നീണ്ടിരുന്നു. വടക്കേ നടയിലും ദർശനത്തിനായി നീണ്ട നിരയാണ് കാണാനായത്.
ഇന്നലെയായിരുന്നു ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ ദിവസം. രാത്രി പത്തു മണി വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. ഇതിൽ 16,840 പേർ സ്പോട്ട് ബുക്കിങ് വഴിയാണ് എത്തിയത്. രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ ഉണ്ടായിരുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ പൊലീസ് സംഘം ചുമതലയേറ്റു. മുൻ ബാച്ചുകളെ അപേക്ഷിച്ച് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ റോഡിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Story Highlights: Sabarimala witnesses massive crowds as over 84,000 devotees offer prayers in a single day