തിരുവനന്തപുരം◾: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ബിജെപി തുടക്കം മുതലേ പറയുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് നാലര കിലോ സ്വർണം മുക്കിയെന്നും ഇത് സാധാരണ വീഴ്ചയായി കാണാൻ കഴിയില്ലെന്നും ഇതൊരു കൊള്ളയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഹൈക്കോടതിയുടെ പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ആർഎസ്എസിനെതിരെ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ദേവസ്വം മന്ത്രിയെക്കുറിച്ചോ ദേവസ്വം ബോർഡിനെക്കുറിച്ചോ ഒന്നും പറയാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗ്ഗ സംഘർഷത്തിലൂടെ രാഷ്ട്രീയം ആരംഭിച്ച സിപിഐഎം വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണകൾ പറഞ്ഞ് ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ഇന്ത്യൻ ഗവൺമെന്റിന് ഇതുമായി ബന്ധപ്പെട്ട് നിവേദനം അയച്ചെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി രൂപ കാണാനില്ലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്തുകൊണ്ടാണ് ഹിന്ദു അമ്പലങ്ങളിൽ മാത്രം ഇത്തരം കൊള്ളകൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിസ്ത്യൻ സ്കൂളുകളെ മാത്രം ഭീഷണിപ്പെടുത്താൻ നടക്കുന്നതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. വർഗീയ രാഷ്ട്രീയം കളിക്കാൻ ബിജെപി ഇനി സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനും രാഹുൽ ഗാന്ധിയും എന്ത് കസർത്ത് ചെയ്താലും അത് അംഗീകരിക്കില്ലെന്നും ബിജെപിയുടേത് അവസരവാദ രാഷ്ട്രീയം അല്ലെന്നും വിശ്വാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നാടിൻറെ മതേതരത്വവും സമാധാനവും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയോ എസ്ഡിപിഐയോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വാസവൻ രാജി വെക്കണമെന്നും 24, 25 തീയതികളിൽ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 24-ന് വൈകുന്നേരം തുടങ്ങി 25 വരെ ഉപരോധം നീണ്ടുനിൽക്കും. ഉപരോധത്തിൽ 10000 കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ പ്രവർത്തകർ 280 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എം ശ്രീയെ കെ സി വേണുഗോപാൽ കോമഡി പറയുകയാണോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കെ സി വേണുഗോപാൽ പി എം ശ്രീയെ പറ്റി പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണ് ഹൈക്കോടതി പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Story Highlights : BJP Protest against sabarimala issue
Story Highlights: BJP State President Rajeev Chandrasekhar responded to the High Court’s remarks on the Sabarimala gold robbery, demanding Minister Vasavan’s resignation and announcing a Secretariat siege.