തിരുവനന്തപുരം◾: ശബരിമലയിലെ സ്വര്ണ്ണപ്പാളി വിഷയത്തില് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് പ്രതിപക്ഷം നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് സ്പീക്കര് അറിയിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള് മുമ്പും സഭയില് ചര്ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷം വാദിച്ചു.
വളരെ ഗൗരവമുള്ള വിഷയമാണിതെന്നും ഹൈക്കോടതി ഇതിനോടകം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. ശബരിമലയില് നിന്ന് നാല് കിലോ സ്വര്ണം ഉദ്യോഗസ്ഥരറിയാതെയും ഹൈക്കോടതി അറിയാതെയും മാറ്റിയ വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഗവണ്മെന്റും ദേവസ്വം ബോര്ഡും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ടവരുടെ പിന്തുണയോടെയാണ് സ്വര്ണം മാറ്റിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇതില് പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോകുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം, ചട്ടം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിക്കുന്നതെന്ന് പാര്ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര പ്രമേയം ചര്ച്ചക്കെടുത്തതിന്റെ ക്ഷീണം തീര്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാന് നടത്തിയ ശ്രമങ്ങള് പരാജയപ്പെട്ടതിലുള്ള കൊതിക്കെറുവിനെ തുടര്ന്നാണ് പ്രതിപക്ഷം വിഷയം സഭയില് കൊണ്ടുവന്നതെന്നും മന്ത്രി ആരോപിച്ചു. ആഗോള അയ്യപ്പ സംഗമം തടയാന് പ്രതിപക്ഷം ആദ്യം ആര്.എസ്.എസുമായി ചേര്ന്ന് ശ്രമിച്ചു. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ഇന്ന് എങ്ങനെ ശ്രമിച്ചാലും തള്ളാനിടയുള്ള വിഷയം ഇന്നലെ രാത്രി മുഴുവന് ഇരുന്ന് ഗവേഷണം നടത്തിയാണ് സഭയില് കൊണ്ടുവന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ വിശ്വാസ സമൂഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അതില് പങ്കെടുക്കാതിരിക്കുന്നതിനുള്ള ജാള്യം മറക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയാക്കിയെന്നും അതിന് മങ്ങലേല്പ്പിക്കാനാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും മന്ത്രി വി.എന്. വാസവന് പറഞ്ഞു.
ശബരിമലയിലെ സ്വര്ണ്ണപ്പാളി വിഷയത്തില് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് പ്രതിപക്ഷം നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് സ്പീക്കര് അറിയിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള് മുമ്പും സഭയില് ചര്ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷം വാദിച്ചു.
Story Highlights: Opposition walks out of Niyamasabha after denial of emergency motion on Sabarimala gold plating issue.