ആർഎസ്എസ് നേതൃത്വം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങുന്നു. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുതെന്ന നിർദ്ദേശം സന്ദീപിനോട് നൽകി. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്നും അറിയിച്ചു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്നാണ് അറിയിപ്പ്. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ സന്ദീപ് ചർച്ചകൾക്കായി എത്തിയേക്കും.
ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി. സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.
ഇന്നും സന്ദീപ് വാര്യരും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കൃഷ്ണകുമാർ പറഞ്ഞപ്പോൾ, ചായ ഒരു മോശം കാര്യമല്ലെന്നും നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്നും സന്ദീപ് മറുപടി നൽകി.
Story Highlights: RSS requests Sandeep Varier to refrain from public statements, offers direct mediation for issue resolution