ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറായി ജോലി ചെയ്തിരുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. ജോലി ഭാരവും മാനസിക സമ്മർദ്ദവും കാരണമാണ് റോബോട്ട് ആത്മഹത്യ ചെയ്തതെന്ന് കരുതപ്പെടുന്നു.
റോബോട്ട് ജോലി ചെയ്തിരുന്ന ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് മുമ്പ് റോബോട്ട് സ്ഥലത്ത് നിരീക്ഷണം നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. വീഴ്ചയിൽ ചിന്നിച്ചിതറിയ റോബോട്ടിന്റെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സ് നിർമ്മിച്ച ഈ റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രവർത്തന സമയം. ഡോക്യുമെന്റ് ഡെലിവറി, സിറ്റി പ്രമോഷൻ, പ്രാദേശിക നിവാസികൾക്ക് വിവരങ്ങൾ നൽകൽ തുടങ്ങിയ ജോലികൾ റോബോട്ട് ഊർജസ്വലതയോടെ നിർവഹിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തത്.