കെയ്ൻസ് (ഓസ്ട്രേലിയ)◾: ഓസ്ട്രേലിയയിൽ വംശനാശഭീഷണി നേരിടുന്ന കാസോവറി പക്ഷികളെ രക്ഷിക്കാൻ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – AI) ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായി. കസൊവാരികൾക്ക് വാഹനാപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് നോർത്ത് ക്യൂൻസ്ലൻഡിലെ കെന്നഡി ഹൈവേയിൽ ‘ലാർമ’ എന്ന പേരിലുള്ള സംവിധാനം പരീക്ഷിച്ചു. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ പക്ഷികളുടെ മരണം ഒരു പരിധി വരെ തടയാൻ സാധിച്ചു.
ഗതാഗത, പ്രധാന റോഡ് വകുപ്പ് (TMR) നടത്തിയ പഠനത്തിൽ, പക്ഷികളെ തിരിച്ചറിയുന്നതിൽ ഈ സാങ്കേതികവിദ്യ 97 ശതമാനം കൃത്യത പുലർത്തുന്നതായി കണ്ടെത്തി. കെയ്ൻസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കുരാണ്ടയിലെ കെന്നഡി ഹൈവേയിലെ തിരക്കേറിയ കാസോവറി ക്രോസിംഗിലാണ് മൂന്നു മാസത്തേക്ക് AI സാങ്കേതികവിദ്യ ഉപയോഗിച്ചത്. ഇതുവഴി മാരകമായ അപകടങ്ങളിൽ 31 ശതമാനം കുറവുണ്ടായെന്നും അധികൃതർ വ്യക്തമാക്കി.
വംശനാശഭീഷണി നേരിടുന്ന സതേൺ കാസോവറികളുടെ ജീവൻ രക്ഷിക്കാൻ ഈ പദ്ധതി സഹായകമാവുമെന്ന് ടിഎംആർ ഫാർ നോർത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡാരിൽ ജോൺസ് അഭിപ്രായപ്പെട്ടു. വാഹനാപകടങ്ങളാണ് ഈ പക്ഷികളുടെ മരണത്തിനുള്ള പ്രധാന കാരണം. റോഡരികിൽ കാസോവറിയെ കണ്ടെത്തിയാൽ ഉടൻ തന്നെ ‘Cassowary detected’ എന്ന മുന്നറിയിപ്പ് സംവിധാനത്തിൽ തെളിയും.
ഈ മുന്നറിയിപ്പ് ലഭിച്ചാൽ ഡ്രൈവർമാർ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. സതേൺ കാസൊവാരി പക്ഷികൾക്ക് മനുഷ്യരെ ആക്രമിക്കാൻ കഴിയും. 2019ൽ ഒരാൾ ഈ പക്ഷിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഒട്ടകപക്ഷിയെപ്പോലെ പറക്കാൻ സാധിക്കാത്ത പക്ഷിയാണ് കാസൊവാരി. ബ്ലേഡുപോലെയുള്ള നഖങ്ങളും നീല നിറത്തിലുള്ള കഴുത്തും ബ്രൗൺ നിറത്തിലുള്ള ശിരോകവചവും ഈ പക്ഷികളുടെ പ്രത്യേകതയാണ്. വാഹനങ്ങളുമായി കൂട്ടിയിടിച്ചും നായ്ക്കളുടെ ആക്രമണത്തിലും നിരവധി കാസൊവാരികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയായാണ് സതേൺ കാസൊവാരിയെ കണക്കാക്കുന്നത്. നിലവിൽ ലോകത്ത് നാലായിരത്തോളം കാസൊവാരികൾ മാത്രമാണുള്ളത്. ഇവയുടെ എണ്ണം വർഷംതോറും കുറഞ്ഞുവരുന്നതിനാൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിലാണ് ഓസ്ട്രേലിയൻ സർക്കാർ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മൃഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ജീവികളെ സംരക്ഷിക്കാനും ഇത് ഉപകാരപ്രദമാകും. ഈ പദ്ധതി മറ്റ് സ്ഥലങ്ങളിലും വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
Story Highlights: AI-powered system in Australia successfully reduces cassowary deaths on roads by 31% by alerting drivers.