കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ അലർട്ടുകൾ പിൻവലിക്കപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരു യുവാവ് മരണപ്പെട്ടു. പാലക്കാട് മംഗലം ഡാം തുറന്നതായും കോഴിക്കോട് ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ട് പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു.