പ്രശസ്ത വിവര്ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന് (89) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തില് നടക്കും. സദാശിവന് നൂറ്റിപ്പത്തോളം പുസ്തകങ്ങള് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളില് നിന്നാണ് അദ്ദേഹം മൊഴിമാറ്റം നടത്തിയത്. കൂടുതല് പുസ്തകങ്ള് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സിലും 2021-ല് ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു.
സദാശിവന് ആയിരത്തൊന്ന് രാവുകള്, ഡ്രാക്കുള, ഡെകാമെറണ് കഥകള്, ഇന്ത്യ അര്ദ്ധരാത്രി മുതല് അരനൂറ്റാണ്ട്, ഡോ ബി ആര് അംബേദ്കറുടെ സമ്പൂര്ണ കൃതികള് തുടങ്ങി നിരവധി പുസ്തകങ്ങള് വിവര്ത്തനം ചെയ്തിട്ടുണ്ട്. കെആര് നാരായണന്, എപിജെ അബ്ദുല് കലാം എന്നിവരുടെയുള്പ്പെടെ പുസ്തകങ്ങളും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സര്വ്വസ്വം തുടങ്ങി 13 കൃതികള് രചിച്ചിട്ടുമുണ്ട്.
സദാശിവന് കേരള സാഹിത്യ അക്കാദമി അവാര്ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്ഡ്, അയ്യപ്പപണിക്കര് അവാര്ഡ്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാര്ഡ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയര് ഫെല്ലോഷിപ്പ് എന്നീ ബഹുമതികള് ലഭിച്ചിട്ടുണ്ട്. ദീര്ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര് ആയിരുന്നു. ഇന്ത്യന് ഓഡിറ്റ് ഡിപ്പാര്ട്ടുമെന്റില് സീനിയര് ഓഡിറ്റ് ഓഫീസറായും പ്രവര്ത്തിച്ചു.
Story Highlights: Renowned translator and rationalist M P Sadashivan passes away at 89, leaving behind a legacy of over 100 translated books and numerous literary awards.