കേരളത്തിലെ മദ്യനയത്തിന്റെ കരടിൽ ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ ചെയ്തിരിക്കുന്നു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കും അന്താരാഷ്ട്ര കോൺഫെറൻസുകൾ നടക്കുന്ന സ്ഥലങ്ങളിലുമാണ് ഈ ഇളവ് നൽകുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഈ ഇളവ് നടപ്പിലാക്കുക.
ബാർ ഉടമകളും ഡിസ്റ്റിലറി ഉടമകളും ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ബാർ കോഴ വിവാദം ഉയർന്നതിനെ തുടർന്ന് ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നത് മാറ്റിവെച്ചിരുന്നു. എന്നാൽ ടൂറിസം മേഖലയിൽ നിന്നുള്ള നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ ഭാഗിക ഇളവിന് ശുപാർശ ചെയ്തിരിക്കുന്നത്.
നിലവിലെ രീതിയിൽ മദ്യഷോപ്പുകൾ ഒന്നാം തീയതി തുറക്കില്ല. കരട് മദ്യനയത്തിൽ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശ ഇടം നേടിയിട്ടില്ല. നിലവിലെ രീതിയിൽ തുടരാനാണ് കരടിൽ പറയുന്നത്. ബാറുകളുടെ സമയം നീട്ടുന്നതിൽ ഇപ്പോൾ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എക്സൈസിന്റെ നിലപാട്. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്.
Story Highlights: Recommendation for partial relief on Dry Day in Kerala’s draft Liquor Policy
Image Credit: twentyfournews