റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഡീപ് ഫേക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക ഉപദേശങ്ങളും നിക്ഷേപ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്ന ഈ വീഡിയോകൾ യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം വീഡിയോകൾ വ്യാജമാണെന്നും അവ വിശ്വസിക്കരുതെന്നും ആർബിഐ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ആർബിഐയുടെ അംഗീകാരമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സാമ്പത്തിക നിക്ഷേപ ഉപദേശങ്ങൾ നൽകുന്നില്ലെന്നും ഏതെങ്കിലും പ്രത്യേക നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നില്ലെന്നും ആർബിഐ വ്യക്തമാക്കി. തങ്ങളുടെ ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും ഈ പദ്ധതികളുമായി യാതൊരു ബന്ധവുമില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങളോ ഓഡിയോയോ വീഡിയോകളോ ആണ് ഡീപ്ഫേക്ക്. ഇത്തരം വീഡിയോകൾ തിരിച്ചറിയുക ഏറെ പ്രയാസമാണ്. ആരെങ്കിലും യഥാർത്ഥത്തിൽ പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ ചെയ്യുന്നതായി ദൃശ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈ വഞ്ചനാപരമായ വീഡിയോകളിൽ വീഴരുതെന്നും ആർബിഐ ഊന്നിപ്പറഞ്ഞു.
Story Highlights: RBI warns against deepfake videos of officials promoting investment schemes