സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇ-പോസ് മെഷീനിലെ തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. രാവിലെ പത്തു മണിയോടെയാണ് മെഷീൻ പ്രവർത്തനരഹിതമായത്. തുടർന്ന്, സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും റേഷൻ വിതരണം നിലച്ചു. വിരലടയാളം പതിപ്പിക്കുമ്പോൾ ആധാർ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുകയായിരുന്നു. സെർവർ തകരാറാണ് ഇതിന് കാരണമെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരവും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഐ.ടി സെല്ലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ഒരേസമയം റേഷൻ വാങ്ങാൻ എത്തുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് ഐ.ടി സെല്ലിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ചാം തീയതി വരെ നീട്ടിയിട്ടുണ്ട്. ജൂലൈ മാസത്തെ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുമെന്നും അറിയിച്ചു.
ഇതിനിടെ, വേതന വർധന ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച റേഷൻ കട വ്യാപാരികളുമായി ജൂലൈ നാലിന് ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ ചർച്ചയിലൂടെ വ്യാപാരികളുടെ സമരം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.