പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതി വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. റാപ്പർ വേടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ജാമ്യമില്ലാത്തതാണ്. വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. തെളിവെടുപ്പിനായി വനംവകുപ്പ് കോടതിയോട് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.
വേടനെ ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. തുടർന്ന് നാളെ തൃശൂരിലെ ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തും. ഒരു ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയിൽ നൽകിയാണ് മാലയാക്കിയതെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.
രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നൽകിയതെന്നാണ് വേടൻ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇൻസ്റ്റാഗ്രാം വഴിയും മറ്റും വേടൻ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, രഞ്ജിത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. തെളിവ് ശേഖരണം പൂർത്തിയാക്കാൻ വേടനെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
കഞ്ചാവ് കേസിൽ വേടന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, വന്യമൃഗങ്ങളെ വേട്ടയാടൽ, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം വനംവകുപ്പ് ചുമത്തിയിരിക്കുന്ന കേസിൽ ജാമ്യമില്ല. വേടനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ഗുരുതരമാണെന്നും തെളിവുകൾ ശേഖരിക്കുന്നതിന് കസ്റ്റഡിയിൽ വേണമെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.
Story Highlights: Rapper Vedan has been remanded in forest custody for two days by the Perumbavoor JFCM court.