റാന്നി പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റ് മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകനായ വിഷ്ണുവാണെന്ന് ദൃക്സാക്ഷി മൊഴി നൽകി. കാറിൽ നിന്ന് വടിവാൾ എടുത്തപ്പോൾ മൂന്ന് പേർ ജിതിനെ പിടിച്ചുനിർത്തി കൊടുത്തുവെന്നും ദൃക്സാക്ഷി പറഞ്ഞു.
\
ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി സംഘത്തിനും പരുക്കേറ്റിട്ടുണ്ടെന്ന് ജിതിന്റെ സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ വിഷ്ണു പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
\
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
\
പെരുനാട്ടിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് പ്രതികരിച്ചു. എന്നാൽ കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഗുരുതരമായ തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിതിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് ഉയർന്നുവരുന്ന ആരോപണം.
\
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് റാന്നി പെരുനാട് മഠത്തുംമൂഴിയിൽ കത്തിക്കുത്തിൽ സിഐടിയു പ്രവർത്തകൻ കൊല്ലപ്പെട്ടത്.
Story Highlights: CITU worker Jithin was stabbed to death in Ranni, Perunad, allegedly by BJP worker Vishnu, according to an eyewitness.