മന്നം ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നതോടെ, 11 വർഷത്തെ അകൽച്ചയ്ക്ക് അവസാനമാകും. നേരത്തെ മുഖ്യപ്രഭാഷകനായി ക്ഷണിക്കപ്പെട്ട ചെന്നിത്തല, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് പകരമായാണ് ഉദ്ഘാടകനായത്. ഈ നീക്കം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ ചെന്നിത്തലയ്ക്ക് മുൻതൂക്കം ലഭിക്കുകയും ചെയ്തു.
2013-ൽ താക്കോൽസ്ഥാന പരാമർശത്തെ തുടർന്നാണ് ചെന്നിത്തല എൻഎസ്എസുമായി അകന്നത്. പിന്നീട് എൻഎസ്എസിന്റെ ഒരു പരിപാടിയിലും അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ കോൺഗ്രസിനുള്ളിലെ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടകനായി തീരുമാനിച്ചത്.
എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും മാത്രമല്ല, മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലിം ലീഗിന്റെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണെന്ന സൂചനകളുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് ചെന്നിത്തലയ്ക്ക് ക്ഷണമുണ്ട്. കാന്തപുരം എ.പി. വിഭാഗവുമായി അടുക്കാനുള്ള ശ്രമവും മുസ്ലിം ലീഗ് സജീവമാക്കിയിട്ടുണ്ട്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രമേശ് ചെന്നിത്തലയെ പിന്തുണച്ചും വി.ഡി. സതീശനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. സമസ്തയുടെ സ്ഥാപനമായ ജാമിയ നൂരിയയിൽ നാലാം തീയതി നടക്കുന്ന പരിപാടിയിൽ ചെന്നിത്തല പങ്കെടുക്കുന്നതോടെ, മുസ്ലിം ലീഗ് നേതൃത്വം കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Story Highlights: After 11-year standoff Ramesh Chennithala to NSS headquarters in Perunna