രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല. അറസ്റ്റിലാകുന്ന മന്ത്രിമാര് ഉള്പ്പെടെയുള്ളവര്ക്ക് 30 ദിവസത്തിനുള്ളില് സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന് വേണ്ടിയുള്ളതാണെന്ന് കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ സര്ക്കാരിന്റെ ഉദ്ദേശം രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളില് കുടുക്കി ജയിലിലടയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജന്സികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനായി ഉപയോഗിക്കുന്ന ഈ സര്ക്കാരിന്റെ ലക്ഷ്യം കള്ളക്കേസുകളുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുക എന്നതാണ്. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന് കടുത്ത വകുപ്പുകള് ചുമത്തിയുള്ള അറസ്റ്റ് മാത്രം മതിയാകും. ഈ ദുരുപയോഗത്തിനാണ് പുതിയ ബില് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും കടുത്ത വകുപ്പുകള് ചുമത്തി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന് സാധിക്കും.
ബിജെപിയില് എത്തിയതോടെ അഴിമതിക്കറ മാറിയെന്നും നല്ലവരായെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ഇ.ഡി ഇതുവരെ നൂറില്പരം കേസുകളില് നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാഷ്ട്രീയ നേതാക്കള് കൂറുമാറി ബിജെപിയില് എത്തുന്നതിനു വേണ്ടി ഈ ഏജന്സികള് രാപകല് പണിയെടുത്തു. വാഷിങ് മെഷീനില് ഇട്ടപോലെ അവരെല്ലാം അഴിമതിക്കറ മാറി നല്ലവരായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വെറും രണ്ടോ മൂന്നോ കേസില് മാത്രമാണ് ഇ.ഡിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന് കഴിഞ്ഞത്. ബാക്കിയുള്ള കേസുകള് രാഷ്ട്രീയ പ്രേരിതമായിരുന്നു. ഈ ഏജന്സികള് അറസ്റ്റ് ചെയ്യുന്നവര് കുറഞ്ഞത് 90 ദിവസം വരെ ജയിലില് കിടക്കാറുണ്ട്. ആ പേരില് ജയിലിലടയ്ക്കപ്പെട്ടവരോട് എന്ത് സമാധാനമാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ 11 വര്ഷത്തെ ബിജെപി ഭരണം തെളിയിക്കുന്നത് ഭയപ്പെടുത്തി ഭരണം നിലനിര്ത്തല് മാത്രമാണ് ലക്ഷ്യമെന്നാണ്. നിലവില് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിക്ക് ഭരണം നിലനിര്ത്തണമെങ്കില് സഖ്യകക്ഷികളെ ഭയപ്പെടുത്തി നിര്ത്തേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. ഇതില് യാതൊരു ഉദ്ദേശ ശുദ്ധിയുമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇത്തരം കരിനിയമങ്ങളെ ഒന്നിച്ചുനിന്ന് എതിര്ത്തില്ലെങ്കില് ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന് ശ്രമിക്കുന്നതുപോലെതന്നെ മനുഷ്യാവകാശങ്ങളെയും അട്ടിമറിക്കുമെന്നുറപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയില് ഭരിക്കുന്ന രാഷ്ട്രീയപാര്ട്ടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാല് പോലും ഗുരുതരമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന് പോലീസിന് അധികാരം കൊടുക്കുന്ന നിയമമാണുള്ളത്. ഇതുപോലൊരു കരിനിയമം മഹാരാഷ്ട്രയിലും നടപ്പാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്.
Story Highlights : Ramesh Chennithala slams 130th Constitutional Amendment Bill