കോട്ടയം◾: ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുകയുടെ വിശദാംശങ്ങൾ അടിയന്തരമായി പുറത്തുവിടണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരിപാടിക്ക് എട്ട് കോടി രൂപ ചെലവായതിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഇതിൽ കമ്മീഷൻ തുക കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭീമമായ തുക ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ എന്നും ചെന്നിത്തല ചോദിച്ചു. ദേവസ്വം ബോർഡ് കറവപ്പശുവല്ലെന്നും വിശ്വാസികളുടെ കാണിക്കയാണ് വരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെലവിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ഏതൊക്കെ ഇനത്തിലാണ് എട്ട് കോടി രൂപ ചെലവായതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വിദേശത്ത് നിന്നും വൻതോതിൽ പ്രതിനിധികൾ എത്തുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ കാര്യമായ പങ്കാളിത്തം ഉണ്ടായില്ല. 4000 പേർക്കുള്ള ഭക്ഷണം പാഴായിപ്പോവുകയും ചെയ്തു.
അയ്യപ്പ സംഗമത്തിന്റെ ചെലവ് സ്പോൺസർമാരിൽ നിന്നും കണ്ടെത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതുവരെ സ്പോൺസർമാരിൽ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോൺസർമാരാണ് പണം നൽകിയതെന്നും വ്യക്തമാക്കണം. സ്പോൺസർമാർ തുക നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഈ തുക ചെലവഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇതുവരെ നാല് കോടിയോളം രൂപ പദ്ധതി നടത്തിപ്പിന്റെ ബില്ലിനത്തിൽ മാറിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോർഡിന്റെ വർക്കിങ് ഫണ്ടിൽ നിന്നാണ്. അതിനാൽ ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ട് കോടി നൽകുന്ന സ്പോൺസർമാർ എന്നും അദ്ദേഹം ചോദിച്ചു. ഇതിൽ ഭൂരിപക്ഷവും വേണ്ടപ്പെട്ടവർക്കുള്ള കമ്മീഷനാണ്.
കോട്ടയത്തെയും കുമരകത്തെയും നക്ഷത്ര ഹോട്ടലുകൾക്ക് ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാൻസ് നൽകിയത് മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച വിവിഐപി അതിഥികൾ? അവരുടെ പേരുവിവരങ്ങളും പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഒഴിഞ്ഞ കസേരയ്ക്ക് മുന്നിൽ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ട് കോടി രൂപയുടെ ചിലവ് വന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിൽ കമ്മീഷൻ പറ്റിയവരുടെ വിശദാംശങ്ങൾ പുറത്തുവിടണം. വിശ്വാസികളുടെ കാണിക്കപ്പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇത് അടിമുടി കമ്മിഷൻ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : Ramesh Chennithala about Global ayyappa summit