റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങൾക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമായി. ഇസ്ലാം മതവിശ്വാസികൾക്ക് അടുത്ത ഒരു മാസക്കാലം വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും സുകൃതങ്ങളുടെയും നാളുകളാണ്. ഈ വിശുദ്ധ മാസത്തെ പ്രാർത്ഥനകളാലും സൽകർമ്മങ്ങളാലും പുണ്യപൂർണമാക്കാൻ വിശ്വാസികൾ ഒരുങ്ങിയിരിക്കുകയാണ്. സമൂഹത്തിന്റെ നന്മയ്ക്കായി നോമ്പുകാലം പ്രയോജനപ്പെടുത്തണമെന്ന് വിവിധ ഖാസിമാർ ആഹ്വാനം ചെയ്തു.
വിശ്വാസികൾക്ക് ആഹ്ലാദവും പുണ്യവും നിറഞ്ഞ റംസാൻ പിറന്നിരിക്കുന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെയും ആത്മീയതയുടെയും ദിനരാത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഒരു മാസക്കാലം പകൽ മുഴുവൻ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് വിശ്വാസികൾ വ്രതം അനുഷ്ഠിക്കും. കണ്ണും നാവും ചെവിയുമെല്ലാം ദുഷ്ചെയ്തികളിൽ നിന്ന് അടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസ്സർപ്പിക്കും. റംസാന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലായിരിക്കും ഓരോ വിശ്വാസിയും. സംസ്ഥാനത്തെ വിവിധ ഖാസിമാർ റംസാൻ സന്ദേശം നൽകി.
സൽകർമ്മങ്ങൾക്ക് മറ്റു മാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതിനാൽ ദാനധർമ്മങ്ങൾക്ക് റംസാനിൽ പ്രാധാന്യമേറെയാണ്. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായി കണക്കാക്കപ്പെടുന്നു. രാത്രിയിലെ തറാവീഹ് നമസ്കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമായി ഓരോ വിശ്വാസിയും പ്രാർത്ഥനയുടെ തിരക്കുകളിലമരും. റമദാൻ വ്രതാരംഭം ഇന്ന് മുതൽ.
Story Highlights: Ramadan fasting begins today in the state.