രാമക്ഷേത്ര പ്രതിഷ്ഠയോടെ രാജ്യം യഥാർത്ഥ സ്വാതന്ത്ര്യം നേടിയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ വാർഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രയത്നങ്ങൾ രാജ്യത്തിന്റെ സ്വത്വത്തെ ഉണർത്തിയെന്നും ലോകത്തെ നയിക്കാൻ പ്രാപ്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്ര നിർമ്മാണത്തോടെ രാജ്യത്തിന് പുതിയൊരു ഉണർവ്വ് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ദിവസം പ്രതിഷ്ഠാ ദ്വാദശിയായി രാജ്യം ആചരിക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ മറ്റു രാജ്യങ്ങൾ ഏറെ മുന്നോട്ടു പോയിട്ടും ഇന്ത്യക്ക് അത്തരത്തിൽ കുതിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 22നാണ് പ്രാണപ്രതിഷ്ഠ നടന്നതെങ്കിലും ഹിന്ദു കലണ്ടർ പ്രകാരം ജനുവരി 11നാണ് വാർഷികം ആചരിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാർ ഈ രാജ്യത്തെ ക്ഷേത്രങ്ങൾ നശിപ്പിച്ചതോടെ രാജ്യത്തിന്റെ ആത്മാവ് ക്ഷയിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആരെയും എതിർത്ത് തോൽപ്പിക്കാനായിരുന്നില്ല രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെന്നും ഭാരതത്തിന്റെ ആത്മാവിനെ ഉണർത്താനുള്ള ചടങ്ങായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. ചില ശക്തികൾ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വരുന്നത് സമ്മതിക്കില്ലെന്ന് ശഠിച്ചതാണ് രാമക്ഷേത്ര നിർമ്മാണം ഇത്രയും നാൾ നീണ്ടുപോയതിന് കാരണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
അതുവഴി രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തെ നയിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടെ രാജ്യത്ത് യഥാർത്ഥ സ്വാതന്ത്ര്യം സ്ഥാപിതമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
Story Highlights: Mohan Bhagwat stated that India attained true independence with the consecration of the Ram Temple.