**ദീഗ് (രാജസ്ഥാൻ)◾:** വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ 42 വയസ്സുള്ള സ്ത്രീയെ ഭർതൃവീട്ടുകാർ ചാണകം കൂട്ടിയിട്ട് കത്തിച്ചു. സരള ദേവി എന്ന 42കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സരള ദേവിയുടെ ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃ മാതാവ് രാജ്വതി, ഭർതൃ സഹോദരി ഭർത്താവായ ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൊലപാതകം മറച്ചുവെക്കാനും ഇത് യാദൃശ്ചികമാണെന്ന് വരുത്തിത്തീർക്കാനും കുടുംബം ശ്രമം നടത്തി.
സംശയം തോന്നിയ ഗ്രാമവാസികൾ സംസ്കാരം നടത്തുന്നതിന് മുമ്പ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സരള ദേവിയുടെ ഭർത്താവ് അശോകുമായി 2005 ലാണ് വിവാഹം നടന്നത്. കുട്ടികളില്ലാത്തതിന്റെ പേരിൽ സരളാ ദേവി ഭർത്താവിന്റെ വീട്ടിൽ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്ന് സഹോദരൻ വിക്രാന്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീയുടെ ഭർതൃവീട്ടുകാർ മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും വീട്ടിലെ തീപിടുത്തത്തിൽ മരിച്ചുവെന്ന് ഗ്രാമവാസികളോട് പറയുകയും ചെയ്തു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ നാട്ടുകാർ കയ്യേറ്റം ചെയ്യുകയും ചെയ്തു. പാതി കത്തിയ നിലയിലുള്ള സരള ദേവിയുടെ മൃതദേഹം ദഹിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭർതൃവീട്ടുകാരും അയൽവാസികളും ചേർന്ന് മർദ്ദിച്ചു. ഇതിന് പിന്നാലെയാണ് കൂടുതൽ പോലീസ് സേന സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന്, ഉയർന്ന അധികാരികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
തുടർന്ന് പോലീസ്, സരള ദേവിയുടെ മൃതദേഹം ഭർതൃവീട്ടുകാരിൽ നിന്ന് പിടിച്ചെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സരള ദേവിയുടെ ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസിനെ ആക്രമിച്ചതിനും, സ്ത്രീധന പീഡനത്തിനും ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കേസിൽ ഉൾപ്പെട്ട പ്രതികൾ ഒളിവിലാണ്. പോലീസ് ഇവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights : married woman allegedly killed over infertility rajasthan