പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ റോഡ് ഷോ നടന്നു. വൈകീട്ട് 5.30 ഓടെ ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പങ്കെടുത്തു. മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഷാഫി പറമ്പിൽ, പി.കെ ഫിറോസ്, അബിൻ വർക്കി ഉൾപ്പെടെ നിരവധി നേതാക്കൾ രാഹുലിന് ഒപ്പമുണ്ടായിരുന്നു.
വിവാദങ്ങൾക്ക് മറുപടിയായി യുഡിഎഫിന്റെ ശക്തി പ്രകടനമായാണ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നത്. വിവാദങ്ങൾ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാലക്കാട് ജയിച്ചു കയറുമെന്നും അദ്ദേഹം പറഞ്ഞു. സരിൻ സുഹൃത്താണെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹം പറയുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് സൗഹൃദം മോശമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
നാളെ മുതൽ മുതിർന്ന നേതാക്കൾ രാഹുലിന്റെ പ്രചരണത്തിനായി മണ്ഡലത്തിൽ എത്തും. നേരത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി മണ്ഡലത്തിൽ സജീവമാകുന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പിനുണ്ട്. ആദ്യഘട്ടത്തിൽ തന്നെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം. തന്നെക്കാൾ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
Story Highlights: UDF candidate Rahul Mamkoottathil’s road show in Palakkad draws large crowd, showcasing party strength