ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടികളിലേക്ക് കോൺഗ്രസ് നീങ്ങുന്നു. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ട്. കോടതി ഉത്തരവിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് പ്രധാന നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ പൊലീസ് വ്യാപകമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ലൈംഗിക പീഡനവും ഭ്രൂണഹത്യയും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ അഞ്ചാം ദിവസവും ഒളിവിലാണ്. രാഹുൽ സഞ്ചരിച്ചതെന്ന് കരുതുന്ന ചുവന്ന കാർ ഒരു സിനിമാ താരത്തിന്റേതാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും എം.എൽ.എയുടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടത് ഒരു ചുവന്ന ഫോക്സ് വാഗൺ കാറിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി കണക്കാക്കുന്നു. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. രാഹുൽ ഒളിവിൽ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR-ൽ നിന്നും ഡിലീറ്റ് ആയിരിക്കുന്നത്.
സിസിടിവി ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെയർ ടേക്കറെ SIT ചോദ്യം ചെയ്യും.
പത്തനംതിട്ടയിൽ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സിനിമ താരത്തിന്റെ വാഹനം ആണോ ഉപയോഗിച്ചത് എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ സാധ്യതകളും പരിഗണിച്ച് പോലീസ് മുന്നോട്ട് പോകുന്നു.
Story Highlights : Congress may expel Rahul mamkootathil if bail is denied



















