രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെച്ചൊല്ലി അസമിൽ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പരാമർശത്തിലാണ് നടപടി. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇന്ത്യൻ രാഷ്ട്രത്തിനെതിരെ പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.
മോൻജിത് ചോട്യ എന്നയാളുടെ പരാതിയിൽ ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകൾ പ്രകാരമാണ് കേസ്. രാഹുൽ ഗാന്ധി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാതിക്കാരൻ ആരോപിച്ചു.
രാഹുലിന്റെ പരാമർശം വിവാദമായതോടെ വിമർശനങ്ങളും ഉയർന്നു. ഇന്ത്യയ്ക്കെതിരെ പോരാടുന്ന രാഹുൽ എന്തിനാണ് ഭരണഘടന കൈയിലേന്തുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചു. രാജ്യത്തിനെതിരെ പോരാടുന്ന കോൺഗ്രസിന്റെ വികൃത മുഖം വെളിച്ചത്തായെന്നും ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രതികരിച്ചു.
സ്വന്തം നേതാവിന്റെ പ്രസ്താവനയിലൂടെ കോൺഗ്രസ് രാജ്യത്തിനെതിരെ പോരാടുകയാണെന്നും ജെ പി നദ്ദ കുറ്റപ്പെടുത്തി. രാഹുലിന്റെ പരാമർശം രാജ്യദ്രോഹപരമാണെന്നും ബിജെപി ആരോപിച്ചു.
Story Highlights: Case filed against Rahul Gandhi in Assam for remarks made during the inauguration of the Congress headquarters in Delhi.