തിരുവനന്തപുരം◾: സൈബർ അധിക്ഷേപ കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. രാഹുൽ ഈശ്വർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ജയിലധികൃതരെ രാഹുൽ ഈശ്വർ തന്റെ തീരുമാനം അറിയിച്ചു, ഭക്ഷണം വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അദ്ദേഹം വെള്ളം മാത്രമാണ് കുടിച്ചത്. ഇത് കള്ളക്കേസാണെന്നും ജയിലിൽ നിരാഹാരമിരിക്കുമെന്നും റിമാൻഡ് ഉത്തരവ് വന്നപ്പോൾ രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു.
അതിനിടെ, ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായി ഒളിവില് കഴിയുന്ന രാഹുല് മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം തിരച്ചില് തുടരുകയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരം കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ജില്ലാതലങ്ങളിൽ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേർക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. റസാഖ് പി എ, രാജു വിദ്യകുമാർ എന്നിവർക്കെതിരെയാണ് എറണാകുളം സൈബർ പൊലീസ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതിനാണ് ഇവർക്കെതിരെയുള്ള കേസ്.
അന്വേഷണം രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവിൽ പോകാൻ സഹായിച്ചവരെയും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. അതേസമയം രാഹുൽ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights : Rahul Easwar on hunger strike in jail
Story Highlights: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു.



















