ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്സ് രംഗത്തെത്തി. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് ഈ വിമാനം സർവീസ് നടത്തിയത്. യാത്രക്കാർക്ക് സൗജന്യമായി ലഭ്യമാകുന്ന ഈ സേവനം ബോർഡിങ് ഗേറ്റ് മുതൽ തന്നെ ഉപയോഗിക്കാം. മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ കാരിയറായ ഖത്തർ എയർവേസ്, യാത്രക്കാർക്ക് അൾട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റൻസി ഇൻ്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു.
2024 അവസാനത്തോടെ സ്റ്റാർലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങൾ അവതരിപ്പിക്കും. 2025-ൽ ഖത്തർ എയർവേയ്സിന്റെ മുഴുവൻ ബോയിംഗ് 777 ഫ്ലീറ്റിലും എയർബസ് A350 ഫ്ലീറ്റിലും സ്റ്റാർലിങ്ക് അവതരിപ്പിക്കും. വിശ്വസനീയവും അതിവേഗവുമായ ഇൻ്റർനെറ്റ് സേവനം നൽകുന്നതിനാൽ, യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താനും, പ്രിയപ്പെട്ട വിനോദങ്ങൾ സ്ട്രീം ചെയ്യാനും, തത്സമയ സ്പോർട്സ് മത്സരങ്ങൾ കാണാനും ഓൺലൈൻ ഗെയിമുകൾ കളിക്കാനും കഴിയും.
ഈ സേവനത്തിന്റെ പ്രത്യേകതകൾ ശ്രദ്ധേയമാണ്. ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് വൈഡ്ബോഡി 777 ആണിത്. ഖത്തർ എയർവേയ്സിൻ്റെ പാസഞ്ചർ എയർക്രാഫ്റ്റിലെ ആദ്യ സ്റ്റാർലിങ്ക് സേവനവും, മെന മേഖലയിലെ ആദ്യത്തെ സ്റ്റാർലിങ്ക് യാത്രാ വിമാനവുമാണ്. കൂടാതെ, ബോയിംഗ് വിമാനത്തിനുള്ള ആദ്യത്തെ സ്റ്റാർലിങ്ക് സപ്ലിമെൻ്റൽ ടൈപ്പ് സർട്ടിഫിക്കറ്റ് (എസ്ടിസി) ലഭിച്ച വിമാനവും, സ്റ്റാർലിങ്ക് സജ്ജീകരിച്ചിട്ടുള്ള ഏറ്റവും വലിയ യാത്രാ വിമാനവും, ഏറ്റവും ദൈർഘ്യമേറിയ റേഞ്ചിൽ സ്റ്റാർലിങ്ക് സജ്ജീകരിച്ച യാത്രാ വിമാനവുമാണിത്. സ്റ്റാർലിങ്ക് സജ്ജീകരിച്ച ഫ്ലൈറ്റ് സർവീസ് കൂടി ആരംഭിച്ചതോടെ, ഖത്തർ എയർവേയ്സ് വീണ്ടും ലോകശ്രദ്ധ നേടുകയാണ്.
Story Highlights: Qatar Airways launches world’s first Boeing 777 with Starlink internet connectivity, offering ultra-high-speed, low-latency service to passengers.