സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പി.വി അൻവർ എംഎൽഎ ഇന്ന് സന്ദർശിക്കും. എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് അൻവർ പാർട്ടി സെക്രട്ടറിക്ക് കൈമാറും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പരസ്യപ്രതികരണങ്ങളിൽ നിന്ന് പിന്മാറുന്നതായി അൻവർ വ്യക്തമാക്കിയിരുന്നു. സഖാവ് എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം പൂർത്തിയായെന്നും, ബാക്കിയെല്ലാം മുഖ്യമന്ത്രിക്കും പാർട്ടിക്കും വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ നിലപാടും അദ്ദേഹം മയപ്പെടുത്തി.
എന്നാൽ, മുഖ്യമന്ത്രി അൻവറിനെ നിശബ്ദനാക്കിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പി ശശി, എഡിജിപി എം ആർ അജിത്കുമാർ എന്നിവർക്കെതിരെ നടപടിയെടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി കണ്ടെത്തിയ ഫോർമുലയാണ് അൻവറുമായുള്ള ചർച്ചയെന്നും ആക്ഷേപമുണ്ട്. അൻവർ പിൻവലിഞ്ഞാലും അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾ ഏറ്റുപിടിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിനിടെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് നടക്കും. ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ കീഴിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Story Highlights: PV Anwar MLA to meet CPI(M) State Secretary MV Govindan, hand over complaint copy against ADGP MR Ajith Kumar