മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം തുടരുകയാണ്. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്നും അൻവർ ചോദിച്ചു. അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ജില്ലയെ അപരവത്കരിക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി.വി അൻവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം റിയാസിനോ വീണയ്ക്കോ നൽകണമെന്നും അവർക്ക് വിദ്യാഭ്യാസമുണ്ടല്ലോ, എങ്ങനെയെങ്കിലും പാർട്ടി ജയിപ്പിച്ചെടുക്കുമെന്നും അൻവർ പരിഹസിച്ചു. എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്നും അൻവർ ചോദിച്ചു. പാർട്ടിയിൽ പി ആർ വിഷയത്തിൽ 40 അഭിപ്രായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ നിലമ്പൂരിലെ പൊതുയോഗത്തിലേക്ക് ഇരട്ടി ആളുകൾ വരുമായിരുന്നുവെന്നും അവരെ തടയുകയായിരുന്നുവെന്നും അൻവർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടിയുടെ നയം മഞ്ചേരിയിൽ പറയുമെന്നും ജനങ്ങളുമായി രാഷ്ട്രീയ നയം പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാർട്ടിയെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാക്കില്ലെന്നും പാർട്ടിയുടെ പേര് ഞായറാഴ്ച്ച പറയുമെന്നും അൻവർ പറഞ്ഞു. കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ നിൽക്കുകയാണെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: PV Anwar MLA continues harsh criticism against Chief Minister Pinarayi Vijayan, alleging CMO’s involvement in controversial interview and PR agency.