പി വി അൻവർ എംഎൽഎ ഇന്ന് വൈകിട്ട് 5 മണിക്ക് നിലമ്പൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ കണ്ടില്ലെന്നും, എല്ലാം വിശദമായി വാർത്താ സമ്മേളനത്തിൽ പറയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അൻവറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാം ദിവസം അൻവർ മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും, അഞ്ച് മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂവെന്നും പിണറായി പറഞ്ഞു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്നും, അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ താനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Story Highlights: P V Anvar MLA to address media amid controversy with Chief Minister Pinarayi Vijayan