തെന്നിന്ത്യയിലെ മികച്ച താരമാണ് ശ്രീലീല. താരത്തിൻ്റെ ചടുലമായ നൃത്തചുവടുകൾകൊണ്ടും, സ്ക്രീൻ പ്രെസൻസുകൊണ്ടും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. അല്ലു അർജുൻ ചിത്രമായ ‘പുഷ്പ ദി റൂൾ‘ -ൽ കിസ്സിക് എന്ന പേരിൽ ഒരു ഐറ്റം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ താരം കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു.
2017 ൽ ‘ചിത്രഗന്ദ’ എന്ന ചിത്രത്തിലൂടെയാണ് ശ്രീലീലയുടെ ആദ്യ സിനിമാ അരങ്ങേറ്റം. പിന്നീട് രണ്ടു വർഷത്തിനു ശേഷം കന്നട ചിത്രമായ ‘കിസിൽ അഭിനയിച്ചതോടെ താരത്തിന് സിനിമ മേഖയിൽ വലിയ പിന്തുണയാണ് ലഭിച്ചത്. നൂറ് ദിവസത്തിലധികം തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രത്തിലെ നായിക കന്നടയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്കിലും കാലെടുത്തു വച്ചു.
2001-ൽ ഗൈനക്കോളജിസ്റ്റ് സ്വർണ്ണലതയുടെയും ഇൻഡസ്ട്രിയലിസ്റ്റായ സുരപനേനി സുധാകരറാവുവിൻ്റെയും മകളായി അമേരിക്കയിൽ ജനിച്ച ശ്രീലീല വളർന്നത് ബാംഗ്ലൂരുവിലായിരുന്നു. താരം ജനിക്കുന്നതിനു മുൻപേ അച്ഛനും അമ്മയും വേർപിരിഞ്ഞതിനാൽ ഡോക്ടറായ അമ്മയുടെ കൂടെയായിരുന്നു താരം വളർന്നത്. അമ്മയുടെ തണലിൽ വളർന്ന ശ്രീലീല അമ്മയുടെ പാത പിൻതുടരാൻ ആഗ്രഹിച്ചെങ്കിലും, വലുതായപ്പോൾ മനസിൽ സിനിമാ മോഹം മൊട്ടിടുകയായിരുന്നു. ശ്രീലീലയുടെ സിനിമാ മോഹത്തെ വീട്ടുകാർ എതിർത്തെങ്കിലും, താരം ഉറച്ച തീരുമാനത്തിലായിരുന്നു.
ചെറുപ്രായത്തിൽ തന്നെ സിനിമയിലേക്ക് കാലെടുത്തു ശ്രീലീലയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സിനിമയുടെ കൂടെ വിദ്യാഭ്യാസവും താരം മുന്നോട്ടു കൊണ്ടുപോയിരുന്നു. ചെറുപ്പം മുതലേ ഭരതനാട്യം പഠിച്ച താരത്തിൻ്റെ ഡാൻസ് സമകാലിക നായികമാരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗുണ്ടൂർകാരം എന്ന ചിത്രത്തിൽ സൂപ്പർ താരം മഹേഷ് ബാബുവിനൊപ്പം താരം നൃത്തചുവടുകൾ വച്ചപ്പോൾ തെലുങ്കും കടന്ന് പാൻ ഇന്ത്യൻ റീച്ചുള്ള താരമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ അല്ലു അർജുനൊപ്പം പുഷ്പ ടു വിലെ ഡാൻസിലൂടെയും താരം കയ്യടി നേടിയിരിക്കുകയാണ്.
ഓൺ സ്ക്രീനിൽ മികച്ച താരമായ ശ്രീലീല ഓഫ് സ്ക്രീനിലും ഒട്ടും പിറകിലല്ല. 2022-ൽ വെറും 21 വയസ് പ്രായമുള്ളപ്പോൾ രണ്ട് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. ഗുരു, ശോഭിത എന്നീ രണ്ടു മക്കളുടെ അമ്മയായ താരം നിരവധി ചാരിറ്റി പ്രവർത്തനവും നടത്തുന്നുണ്ട്. കന്നട ചിത്രമായ ബൈ ടു ലവിൽ ചെറിയ പ്രായത്തിൽ അമ്മയായ പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് ശ്രീലീല കുട്ടികളെ ദത്തെടുക്കാൻ ഒരുങ്ങിയത്. ഒരു അനാഥാലയം സന്ദർശിച്ച ശ്രീലീലയെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ആകർഷിച്ചതോടെയാണ് താരം രണ്ടു പേരെയും ദത്തെടുത്തത്.
വരുൺ ദവാൻ്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. തെലുങ്കിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്ത താരം പവൻകുമാറിൻ്റെ നായികയായും താരം അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
Story Highlights: Sreeleela, known for her stellar performance in Pushpa 2, balances a thriving film career and motherhood, inspiring fans worldwide.