ഖനൗരി, ശംഭു അതിർത്തികളിൽ കർഷകരുടെ പ്രതിഷേധ വേദികൾ പഞ്ചാബ് പോലീസ് പൊളിച്ചുനീക്കി. കർഷകർ നിർമിച്ച കൂടാരങ്ങൾ പൂർണമായും നീക്കം ചെയ്ത പോലീസ്, ദേശീയ പാതയിലെ ബാരിക്കേഡുകളും നീക്കം ചെയ്തു. മെയ് 4 ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചതിനിടെയാണ് പോലീസിന്റെ ഈ നടപടി. കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) നേതാവ് സർവൻ സിംഗ് പാന്ഥേറും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കസ്റ്റഡിയിൽ തുടരുകയാണ്. ഡൽഹി അതിർത്തിയിൽ കനത്ത ജാഗ്രത തുടരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ കർഷകരെയും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അർദ്ധരാത്രിയിലാണ് പഞ്ചാബ് പോലീസ് നടപടി സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കർഷകരുടെ പ്രതിഷേധവേദികൾ പൊളിച്ചുനീക്കി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ഖനൗരി, ശംഭു അതിർത്തികളിലെ സമരവേദികളിൽ നിന്ന് കർഷകരെ പോലീസ് നീക്കം ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഈ സംഘർഷത്തെ തുടർന്നാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തെത്തുടർന്ന് ഖനൗരി അതിർത്തിയിലും പഞ്ചാബിലെ സംഗ്രൂർ, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുൻകരുതൽ നടപടിയായി ഖനൗരി അതിർത്തിയിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കർഷക പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Story Highlights: Punjab police evicted farmers and dismantled protest camps at Khanauri and Shambhu borders.