പൂണെയിൽ മൂന്നര വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്ന കേസിൽ അറസ്റ്റിലായ ഐടി എഞ്ചിനീയർ മാധവ് ടിക്കേതി (38) കുറ്റം സമ്മതിച്ചു. ഭാര്യയുടെ സ്വഭാവത്തെ സംശയിച്ച പ്രതി മകന്റെ പിതൃത്വത്തിൽ സംശയം ജനിപ്പിക്കുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ കഴുത്തറുത്ത ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ന് മാധവ് മകനോടൊപ്പം ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി വീട്ടിൽ തന്നെയായിരുന്നു മാധവ്. വിശാഖപട്ടണം സ്വദേശിയായ പ്രതിയെ പൂണെയിലെ ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിഎൻഎസ് സെക്ഷൻ 103(1), 238 എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇയാൾ ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മാധവിന്റെ മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസ്, വഡ്ഗോൺശേരിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെയും പ്രതി നിരന്തരമായി സംശയിച്ചിരുന്നു.
ബോധം വീണ്ടെടുത്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും ഉദ്യോഗസ്ഥർക്ക് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. അവിടെ നിന്നാണ് രക്തത്തിൽ കുളിച്ച കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഡിസിപി (സോൺ 4) ഹിമ്മത് ജാദവ് ആണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്\u200cമോർട്ടത്തിനായി സാസൂൺ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: A techie in Pune killed his 3.5-year-old son suspecting he wasn’t the biological father.