പൂനെ ബസ് ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ. പൂനെയിലെ ഷിരൂർ താലൂക്കിൽ നിന്നാണ് ദത്താത്രയ ഗാഡെയെ പോലീസ് പിടികൂടിയത്. സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസിലാണ് 26 കാരിയെ ബലാത്സംഗം ചെയ്തത്. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പൂനെയിലെ സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് പ്രതി ആക്രമിച്ചത്. പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെയാണ് ക്രൂരകൃത്യം നടന്നത് എന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
ഷിരൂരിലുള്ള ബന്ധുവിന്റെ വീട്ടിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താൻ തെറ്റ് ചെയ്തുവെന്ന് ബന്ധുവിനോട് കുറ്റസമ്മതം നടത്തിയ പ്രതി പിന്നീട് ഒളിവിൽ പോയി. ഈ വിവരം പോലീസിനെ അറിയിച്ചത് ബന്ധുവാണ്.
പൊലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 13 പൊലീസ് സംഘങ്ങളെയാണ് പ്രതിയെ പിടികൂടാൻ രൂപീകരിച്ചത്. ക്രൈംബ്രാഞ്ചിൽ നിന്ന് 8 പേരും സ്വാർഗേറ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും വലിയ ബസ് ഡിപ്പോകളിൽ ഒന്നാണ് സ്വാർഗേറ്റ്. ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന യുവതിയെയാണ് പ്രതി തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിച്ചത്.
വിവിധ രാഷ്ട്രീയ സംഘടനകൾ സംഭവത്തെ അപലപിച്ചു. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Story Highlights: A man accused of raping a 26-year-old woman on a bus in Pune, Maharashtra, has been arrested after a 48-hour search.