മധ്യപ്രദേശിലെ ഡിന്ഡോരി ജില്ലയില് ഒരു ദാരുണ സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഭൂമി തര്ക്കത്തെ തുടര്ന്നുണ്ടായ വാക്കേറ്റത്തിനിടെ വെടിയേറ്റ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ച ശിവരാജിന്റെ ഭാര്യയെ കൊണ്ട് ആശുപത്രി അധികൃതര് ഭര്ത്താവിന്റെ രക്തം തുടപ്പിച്ചതായി ആരോപണം ഉയര്ന്നിരിക്കുകയാണ്. അഞ്ച് മാസം ഗര്ഭിണിയായ യുവതിയെ കൊണ്ട് ഭര്ത്താവ് കിടന്ന കിടക്ക വൃത്തിയാക്കിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര് രംഗത്തെത്തി. ഭര്ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും കിടക്ക വൃത്തിയാക്കാന് അനുവദിക്കണമെന്നും യുവതി തന്നെയാണ് ആവശ്യപ്പെട്ടതെന്നാണ് ഗദസാരായി ഹെല്ത്ത് സെന്ററിലെ അധികൃതരുടെ വിശദീകരണം. വീഡിയോയില്, യുവതി ഒരു കൈയില് രക്തം പുരണ്ട തുണി പിടിച്ച്, മറുകൈ കൊണ്ട് ടിഷ്യൂകള് ഉപയോഗിച്ച് കിടക്ക വൃത്തിയാക്കുന്നതും, ഒരു ആശുപത്രി ജീവനക്കാരന് അവരോട് കിടക്ക മുഴുവന് വൃത്തിയാക്കണമെന്ന് പറയുന്നതും കാണാം.
ഈ സംഭവത്തിന് പിന്നിലെ കാരണം ഭൂമി തര്ക്കമാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ശിവരാജിനെ കൂടാതെ അദ്ദേഹത്തിന്റെ പിതാവ് ധരം സിംഗ് മറവി (65), സഹോദരന് രഘുരാജ് (28) എന്നിവര്ക്കും വെടിയേറ്റിരുന്നു. ഇവര് രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില് ഏഴ് പേര്ക്കെതിരെ കൊലപാതകം ഉള്പ്പെടെ വിവിധ വകുപ്പുകള് പ്രകാരം ഗദസരായ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Pregnant woman in Madhya Pradesh forced to clean husband’s blood from hospital bed after his death in land dispute shooting.