പി.എസ്.സി കോഴ ആരോപണത്തെ തുടർന്ന് സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി, പരാതിക്കാരന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. അമ്മയ്ക്കും മകനും ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന കാരണത്താൽ തൽക്കാലം വീട്ടിലേക്ക് മടങ്ങുകയാണെന്ന് പ്രമോദ് വ്യക്തമാക്കി. എന്നാൽ, തന്റെ നിരപരാധിത്വം തെളിയുന്നതുവരെ പോരാട്ടം തുടരുമെന്നും അതിനായി എല്ലാ വഴികളും പരിശോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിലായിരുന്നു പ്രമോദിന്റെ പ്രതിഷേധം നടന്നത്. താൻ 22 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ട പ്രമോദ്, പണം കൈമാറിയതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയോട് ആവശ്യപ്പെട്ടു. പരാതിക്കാരൻ തന്റെ പരിചയക്കാരനാണെന്നും പി.എസ്.സി കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ വിദഗ്ധനല്ലെന്നും പ്രമോദ് വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ താൻ മരണപെട്ടതായി അനുഭവപ്പെട്ടുവെന്ന് പ്രമോദ് പറഞ്ഞു. എന്നാൽ, ഒരു കാരണവശാലും താൻ പാർട്ടിയെ തള്ളിപ്പറയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെ സഹോദരതുല്യനായി കാണുന്നതായും, ഒരു സഹോദരൻ മറ്റൊരു സഹോദരനെ ഒരിക്കലും കശാപ്പ് ചെയ്യില്ലെന്നും പ്രമോദ് അഭിപ്രായപ്പെട്ടു. ചാര കേസിൽ അകപ്പെട്ട നമ്പി നാരായണന്റെ അവസ്ഥയാണ് തനിക്കെന്ന് പറഞ്ഞുകൊണ്ട് പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിനോട് പ്രമോദ് പ്രതികരിച്ചു.