കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രേരണാ കുറ്റം ചുമത്തി റിമാൻഡ് ചെയ്യപ്പെട്ട പി പി ദിവ്യ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നും അറിയുന്നു. ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ വിഷയത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങളും അവർക്കെതിരായ സംഘടനാ നടപടികളും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്യാൻ നിയമതടസമില്ലാതിരുന്ന ഘട്ടത്തിൽ പോലും ദിവ്യയെ അന്വേഷണസംഘം തൊടാതിരുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
നിലവിൽ ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. ഇന്നലെ വൈകിട്ടാണ് ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: PP Divya to file bail plea in court today in connection with ADM Naveen Babu’s suicide case