കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഒളിവിലാണെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാലാണ് ദിവ്യ ഒളിവില് പോയതെന്നാണ് വിവരം. പൊലീസ് ചോദ്യം ചെയ്യലിന് ശ്രമം തുടങ്ങിയതോടെയാണ് ഈ നീക്കമുണ്ടായത്. ദിവ്യക്ക് പൊലീസ് സാവകാശം നല്കുന്നുവെന്ന വിമര്ശനം ശക്തമായി ഉയര്ന്നിട്ടുണ്ട്.
നവീന് ബാബുവിന്റെ മരണത്തില് മുന്കൂര് ജാമ്യം തേടി പി പി ദിവ്യ സമര്പ്പിച്ച ഹര്ജിയില് നവീന്റെ കുടുംബം കക്ഷിചേരുമെന്നാണ് റിപ്പോര്ട്ട്. നവീന് ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം, ദിവ്യക്കൊപ്പം കണ്ണൂര് ജില്ലാ കളക്ടര് അരുണ് കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തിലാണ് നവീന് ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും.
യാത്രയയപ്പ് യോഗത്തില് പങ്കെടുത്ത കൂടുതല് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കണ്ണൂര് ജില്ലാ കലക്ടര്ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമര്ശങ്ങളെക്കുറിച്ച് കളക്ടര്ക്ക് മുന്കൂര് അറിവുണ്ടായിരുന്നുവെന്നും കളക്ടര് ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. പരാതികള് നിലനില്ക്കുന്ന സാഹചര്യത്തില് കേസിലെ വിശദാന്വേഷണ ചുമതലയില് നിന്ന് ജില്ലാ കളക്ടറെ നീക്കിയിട്ടുണ്ട്. പൊലീസ് കളക്ടറുടെ മൊഴിയും രേഖപ്പെടുത്തും.
Story Highlights: Former district panchayat president PP Divya suspected to be in hiding as anticipatory bail application in Naveen Babu’s death case faces delay