കണ്ണൂര് എഡിഎം കെ നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യയുടെ റിമാന്ഡ് റിപ്പോര്ട്ടിന്റെ വിശദാംശങ്ങള് പുറത്തുവന്നു. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല് മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് റിപ്പോര്ട്ടിലെ പരാമര്ശം. ദിവ്യ ഉന്നത നേതാവായതിനാല് സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ദിവ്യയ്ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നു.
അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്ന ആരോപണവും റിമാന്ഡ് റിപ്പോര്ട്ടിലുണ്ട്. രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തില് ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്. സാക്ഷികളുടെ മൊഴികളില് നിന്ന് ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ദിവ്യ ഉപഹാരവിതരണത്തില് പങ്കെടുക്കാത്തതും ഇതിന് തെളിവാണെന്ന് റിപ്പോര്ട്ടില് പറയുന്നു.
എന്നാല് പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി പി ദിവ്യ ജാമ്യഹര്ജിയില് ആരോപിച്ചു. എ ഡി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്ന്നാണെന്നും, ഇത് പ്രശാന്ത് പോലീസിനും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിനും മുന്നില് ആവര്ത്തിച്ചിട്ടുണ്ടെന്നും ജാമ്യ ഹര്ജിയില് പറയുന്നു. പ്രശാന്തന്റെ മൊഴി പോലീസ് കോടതിയില് ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിക്കുന്നു. ഈ ജാമ്യ ഹര്ജി തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതിയില് സമര്‍പ്പിക്കും.
Story Highlights: Remand report details of P P Divya in Naveen Babu death case reveal planned move and criminal mindset