പിപി ദിവ്യ സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി മാറിയെന്ന് വെളിപ്പെടുത്തി. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അവർ ട്വന്റിഫോറിനോട് പ്രതികരിച്ചു. താനും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും നിയമപോരാട്ടം തുടരുമെന്നും ദിവ്യ വ്യക്തമാക്കി.
ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നെങ്കിലും അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നതെന്നും അതിൽ പ്രയാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമായിരുന്നുവെന്നും നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും ദിവ്യ പറഞ്ഞു.
ഉദ്യോഗസ്ഥരുമായി നല്ല സൗഹൃദമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്നെ കൊണ്ടുപോയത് തീവ്രവാദികളെയോ കൊലപാതകികളെയോ പോലെയാണെന്ന് കുറ്റപ്പെടുത്തി. വിമർശനങ്ങളിൽ നിന്ന് കരുത്തുക്കിട്ടിയെന്നും ജീവിതത്തിൽ തിരുത്താനുള്ളത് തിരുത്തുമെന്നും അവർ പറഞ്ഞു. സാധാരണ പാർട്ടി പ്രവർത്തകയായി സിപിഐഎമ്മിനൊപ്പം തുടരുമെന്നും ദിവ്യ വ്യക്തമാക്കി. തന്റെ കൂടെയുള്ളവരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടെന്നും അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കുമെന്നും അവർ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് ശക്തി പകരുന്നതെന്നും ആരോപണങ്ങളെ അതിജീവിച്ച് നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.
Story Highlights: PP Divya says she has become misunderstood person in front of society, will cooperate with investigation