കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴ തുടരാനാണ് സാധ്യത. അതിശക്തമായ മഴ മൂലം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശ മേഖലയിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.