Porattunadakam movie release | എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. ഈ തീയതി യശ:ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെ ഒന്നാം ചരമവാർഷികദിനമാണ്. നൗഷാദ് സഫ്രോൺ സിദ്ദിഖിൻ്റെ പ്രധാന സഹായിയായിരുന്നു, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലുടനീളം സിദ്ദിഖിൻ്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളിൽ ഉണ്ടായിരുന്നു.
കേരള-കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്. കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ പ്രാചീനകലകളിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ലൈറ്റ് ആൻ്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. സൈജുക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Porattunadakam movie release | രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളിലൂടെയും ബഡായി ബംഗ്ളാവ് എന്ന പരമ്പരയിലൂടെയും ജനപ്രിയനായ സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫും എഡിറ്റിംഗ് രാജേഷ് രാജേന്ദ്രനും നിർവഹിക്കുന്നു.