എൺപത്തിയെട്ടുകാരനായ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടുമെന്ന് ജെമെല്ലി ആശുപത്രി അധികൃതർ അറിയിച്ചു. ആഗോള കത്തോലിക്കാ സമൂഹത്തിന് ആശ്വാസമായി നീണ്ട ആശുപത്രിവാസത്തിനു ശേഷമാണ് മാർപ്പാപ്പയുടെ മടങ്ങിവരവ്. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
\
അഞ്ച് ഞായറാഴ്ചകൾക്ക് ശേഷം ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിലെ ജനാലയിലൂടെ വിശ്വാസികളെ കാണണമെന്ന മാർപ്പാപ്പയുടെ ആവശ്യപ്രകാരമാണ് ഇത് സാധ്യമാക്കിയത്. ആശുപത്രി ചാപ്പലിൽ മാർപ്പാപ്പ പ്രാർത്ഥിക്കുന്ന ചിത്രം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
\
ആശുപത്രി വിട്ടാലും ചുരുങ്ങിയത് രണ്ട് മാസത്തെ സമ്പൂർണ്ണ വിശ്രമം മാർപ്പാപ്പയ്ക്ക് ആവശ്യമാണ്. ഈ സമയത്ത് മാർപ്പാപ്പയ്ക്ക് മീറ്റിംഗുകളിലോ കൂടിക്കാഴ്ചകളിലോ പങ്കെടുക്കാൻ സാധിക്കില്ല. ദുഃഖവെള്ളിയും ഈസ്റ്ററുമടക്കമുള്ള ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരത്തിന് ഒരു മാസത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്.
\
വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പ നേതൃത്വം നൽകുമെന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നു. ഇന്ന് ആശ്വാസ ഞായറാഴ്ചയായി ആചരിക്കുന്ന കത്തോലിക്കാ സമൂഹത്തിന് മാർപ്പാപ്പയുടെ മടങ്ങിവരവ് വലിയ ആശ്വാസമാണ്.
Story Highlights: Pope Francis is set to be discharged from the hospital today after a period of illness.