ലോകമെങ്ങുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യകർമ്മങ്ങൾ റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിൽ നടന്നു. മാർപാപ്പയുടെ ആഗ്രഹപ്രകാരമായിരുന്നു ഇവിടെ അന്ത്യവിശ്രമം ഒരുക്കിയത്. കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു.
മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അർപ്പിക്കാൻ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിച്ചേർന്നു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരായി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്ന് സാന്താമരിയ മജോറെ ബസിലിക്കയിലേക്ക് വിലാപയാത്ര നടന്നു. പള്ളിമണികളുടെ അകമ്പടിയോടെ പോപ്പ്മൊബൈലിൽ ആയിരുന്നു യാത്ര. ലോക നേതാക്കൾ വിലാപയാത്രയിൽ അണിചേർന്നു. വത്തിക്കാന്റെ തെരുവുകളിൽ ജനസാഗരം മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു.
സാന്താമരിയ മജോറെ ബസിലിക്കയിൽ നടന്ന അന്ത്യവിശ്രമ ചടങ്ങിൽ 50 പേർ മാത്രമാണ് പങ്കെടുത്തത്. കർദിനാൾ കെവിൻ ഫാരലിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. മൂന്ന് പെട്ടികളിൽ മാർപാപ്പമാരെ സംസ്കരിക്കുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം. വചന സന്ദേശത്തിൽ കർദിനാൾ ബാറ്റിസ്റ്റ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തു.
Story Highlights: Pope Francis, a voice for the common people, was laid to rest in St. Maria Maggiore Basilica in Rome.