പൂക്കോട് വെറ്ററിനറി കോളജിലെ മുൻ ഡീൻ എം കെ നാരായണനെയും മുൻ അസിസ്റ്റന്റ് വാർഡൻ ഡോ കാന്തനാഥിനെയും തിരിച്ചെടുത്തു. വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച സംഭവത്തിൽ ഇരുവരും സസ്പെൻഷനിലായിരുന്നു. ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇവരെ തിരിച്ചെടുത്തത്. പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലേക്കാണ് ഇരുവർക്കും പുതിയ നിയമനം.
യൂണിവേഴ്സിറ്റിയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിലിലാണ് ഈ തീരുമാനം ഉണ്ടായത്. എന്നാൽ, യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോക്ടർ കെ. എസ്. അനിൽ, ടി.
സിദ്ദിഖ് എം. എൽ. എ. , ഫാക്കൽറ്റി ഡീൻ കെ.
വിജയകുമാർ, അധ്യാപക പ്രതിനിധി പി. ടി. ദിനേശ് എന്നിവർ ഈ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ 20 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഡീൻ ഉൾപ്പെടെ പ്രതികളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
Story Highlights: Pookode Veterinary College former Dean and Assistant Warden reinstated after suspension in student death case