കായംകുളത്ത് മോഷ്ടാവ് പൊലീസിനെ വട്ടംചുറ്റിച്ച സംഭവം ഏറെ ശ്രദ്ധ നേടി. റെയില്വേ സ്റ്റേഷന് പരിസരത്ത് വ്യാപകമായി മോഷണ ശ്രമം നടത്തിയെന്ന പരാതിയെ തുടര്ന്ന് പൊലീസ് എത്തിയപ്പോള് മോഷ്ടാവ് സമീപത്തെ ഓടയില് ഒളിച്ചു. പൊലീസിന് പിടികൂടാന് കഴിയാതെ വന്നതോടെ ഫയര് ഫോഴ്സിന്റെ സഹായം തേടി.
നാലു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്ത്തനത്തിനൊടുവിലാണ് മോഷ്ടാവിനെ ഓടയില് നിന്ന് പുറത്തെത്തിച്ചത്. രാത്രി ഒരു മണിക്ക് തുടങ്ങിയ ദൗത്യം പൂര്ത്തിയായത് പുലര്ച്ചെ അഞ്ചു മണിക്കാണ്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില് ഇയാള് തന്നെയാണ് മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചു.
തമിഴ്നാട് സ്വദേശിയായ രാജശേഖരന് എന്ന മോഷ്ടാവ് നിലവില് പൊലീസ് കസ്റ്റഡിയിലാണ്. കള്ളനെ പിടികൂടാനെത്തിയ പൊലീസിന് പിന്നീട് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കേണ്ടി വന്ന വിചിത്ര സാഹചര്യമാണ് ഈ സംഭവത്തിലൂടെ ഉണ്ടായത്. ഇത് പ്രദേശവാസികള്ക്കിടയില് വലിയ കൗതുകം സൃഷ്ടിച്ചു.