യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് നടപടികൾ ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിനെതിരായ അന്വേഷണത്തിൽ എറണാകുളം സെൻട്രൽ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയിൽ സമർപ്പിക്കും. ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവം നടന്നത് എറണാകുളം സിജിഎം കോടതിയുടെ പരിധിയിലല്ലെന്നും എറണാകുളം സെൻട്രൽ പൊലീസിന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനുള്ള പരിമിതിയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കല്യാശേരിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റിടങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്യുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രസ്താവന. വിജയദശമിയോട് അനുബന്ധിച്ച് അവധികൾ വരുന്നതിനാലാണ് റിപ്പോർട്ട് തയാറായിട്ടും അത് കോടതിയ്ക്ക് മുന്നിലേക്ക് എത്താൻ വൈകുന്നത്. നവകേരള സദസിനിടെ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ ഗൺമാൻമാർക്ക് കഴിഞ്ഞ ദിവസം ക്ലീൻ ചിറ്റ് നൽകിയതും വിവാദമായിരുന്നു.
Story Highlights: Police investigation report clears CM Pinarayi Vijayan’s controversial statement on Youth Congress workers