താരസംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിശോധന. പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തി ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നത്. ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരം നോർത്ത് പൊലീസ് കേസെടുത്തു. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.
മുകേഷിനെതിരെ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. മുകേഷിന്റെ മരടിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പരാതിക്കാരിയെ പീഡനം നടന്നുവെന്ന് കരുതുന്ന ഫ്ലാറ്റിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പാണ് നടത്തിയത്.
Story Highlights: Police raid AMMA office in connection with cases against Idavela Babu and Mukesh