പ്രത്യേക അന്വേഷണ സംഘം താര സംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പരിശോധന നടത്തി. സിദ്ദിഖ് അടക്കമുള്ളവരുടെ വിവരങ്ങൾ തേടിയാണ് പോലീസ് എത്തിയത്. എന്നാൽ, സിദ്ദിഖിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ആരോപണ വിധേയരായവർ ഭാരവാഹികളായിരുന്ന കാലത്തെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.
നേരത്തെയും ‘അമ്മ’യുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നത്.
ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. മുകേഷിനെതിരെ ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു ഒരു നടിയുടെ പരാതി. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും ‘അമ്മ’ ഓഫീസിലെത്തി പരിശോധന നടത്തിയത്.
Story Highlights: Police conduct another inspection at AMMA’s office, seeking information on Siddique and others