തുടർ പഠനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രഖ്യാപിച്ചു. പ്ലസ് വൺ പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകളിൽ കൃത്യത വന്നതിൽ സന്തോഷമുണ്ടെന്നും, മുസ്ലിംലീഗിന്റെ സമരത്തോടെയാണ് ഈ വിഷയം പൊതുസമൂഹം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നിരന്തര സമരം വിദ്യാഭ്യാസ വകുപ്പിന്റെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് സലാം ആരോപിച്ചു. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്നമുണ്ടെന്നും, അത് മറച്ചുവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ സീറ്റ് കിട്ടാത്തവരുടെ എണ്ണം കൂടുതലാണെന്നും, വയനാട്, കണ്ണൂർ, കോഴിക്കോട് തുടങ്ងിയ ജില്ലകളിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വയ്ക്കുന്നത് കണ്ണിൽപൊടിയിടാനാണോ എന്ന് സംശയമുണ്ടെന്നും സലാം പറഞ്ഞു. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള എല്ലാ ജില്ലകളിലെയും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.