തിരുവനന്തപുരം◾: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ വഴങ്ങി സിപിഐഎം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനമായി. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ ധാരണയായതിനെ തുടർന്ന്, മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാൻ തീരുമാനിച്ചു.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മന്ത്രിസഭാ ഉപസമിതി വിഷയം പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. പദ്ധതി മരവിപ്പിച്ച വിവരം സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും സിപിഐ മന്ത്രിമാരുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ, പിഎം ശ്രീ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ചുനിന്നു. ഇതിന്റെ ഫലമായി ഇന്ന് മന്ത്രിസഭായോഗത്തില് നിന്ന് വിട്ടുനില്ക്കാന് സിപിഐ തീരുമാനിച്ചിരുന്നു.
ഇതേത്തുടർന്ന് രാവിലെ ചേരാനിരുന്ന മന്ത്രിസഭായോഗം വൈകുന്നേരത്തേക്ക് മാറ്റി വെക്കുകയും കണ്ണൂരിലുണ്ടായിരുന്ന എം.വി. ഗോവിന്ദനെ അടിയന്തരമായി തിരുവനന്തപുരത്തെത്തിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. മാരത്തൺ ചർച്ചകൾക്കൊടുവിൽ ഒരു ഒത്തുതീർപ്പ് ഫോർമുല കണ്ടെത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി, മരവിപ്പിച്ചുകൊണ്ടുള്ള കത്തിന്റെ കരട് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐയുടെ കേന്ദ്രനേതൃത്വത്തിന് കൈമാറി.
ഇതോടെ ഉടലെടുത്ത പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്. കേന്ദ്രസർക്കാരുമായുള്ള കരാർ മരവിപ്പിക്കുന്നത് വരെ കാത്തിരിക്കാൻ സിപിഐ തയ്യാറായതോടെയാണ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് വിഷയത്തിൽ ഒരു പരിഹാരമുണ്ടായത്. കേന്ദ്രവുമായുള്ള ധാരണാപത്രം മരവിപ്പിക്കാമെന്ന് ഉറപ്പ് കിട്ടിയതോടെ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
Story Highlights: CPI-CPIM reach compromise; PM Shri scheme agreement frozen, cabinet sub-committee to review.



















