പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ സന്ദർശനത്തിനായി യാത്ര തിരിക്കും. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി മോസ്കോയിലേക്ക് പോകുന്നത്. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. രണ്ടു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം മോദി ഓസ്ട്രിയയും സന്ദർശിക്കും.
മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സൈനിക സഹകരണം, ഫിഫ്ത് ജനറേഷൻ യുദ്ധവിമാനങ്ങൾ, ആണവോർജ്ജ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്ന് കരുതുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ, റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ, ആയുധങ്ങൾക്കായും ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നു. യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ വിസമ്മതിച്ചിരുന്നു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോസ്കോ സന്ദർശനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് വലിയ നയതന്ത്ര നേട്ടമാണ്. യുദ്ധക്കുറ്റവാളിയായി കണക്കാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിന്റെ വിദേശയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിൽ പ്രധാനിയായ ഇന്ത്യയുടെ ഭരണത്തലവൻ മോസ്കോ സന്ദർശിക്കുമ്പോൾ, തങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്ന സന്ദേശം നൽകാൻ റഷ്യക്ക് സാധിക്കും.