പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പുനരാരംഭിക്കുന്നു. നാലുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഈ പ്രതിമാസ റേഡിയോ പരിപാടി തിരിച്ചെത്തുന്നത്. 111-ാമത് എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്.
മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്ത് പരിപാടിയാണിത്. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബിജെപി നേതാക്കൾ മൻ കി ബാത്ത് കേൾക്കും.
കർണാടക യൂണിയൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, വീരേന്ദ്ര സച്ച്ദേവ, ബൻസുരി സ്വരാജ് എന്നിവർ പരിപാടി ശ്രവിക്കും. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്. ഫെബ്രുവരി 25-ന് അവസാനമായി സംപ്രേഷണം ചെയ്ത ശേഷം, ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിർത്തിവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മൻ കി ബാത്ത് വീണ്ടും ആരംഭിക്കുന്ന കാര്യം എക്സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.